ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള നിരന്തരമായ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി 42 മുൻ ജഡ്ജിമാർ. വോട്ടു മോഷണമെന്ന പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും, ബാലറ്റിന് വില കൽപിക്കാത്ത സാഹചര്യം തെരുവുകളെ അശാന്തമാക്കുമെന്നും കത്തിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടയാണ് ഈ തുറന്ന കത്ത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ, നീതിന്യായ വ്യവസ്ഥ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിൽ ഒപ്പുവെച്ചവർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തെളിവുകളില്ലാതെ "വോട്ടു മോഷണം" എന്ന് ആരോപിക്കുകയും ഭരണഘടനാ അധികാരികളെ നിരന്തരം "കൊള്ളക്കാരായി" ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മപരിഷ്കരണം കൃത്യമായ വോട്ടർ പട്ടിക ഉറപ്പാക്കാനുള്ള നിയമപരമായ നടപടിയാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരുൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.